‘സമാപ്തിയിൽ 
രതിയോട് വിട പറയുമ്പോൾ
ഇണയെ തിന്നുന്ന 
എട്ടുകാലിപ്പെണ്ണു ഞാൻ’ – എ.അയ്യപ്പൻ.

മദ്യമായിരുന്നു അയാളുടെ കാമിനി. അവൾക്കാണയാൾ കരളു പകുത്ത് കൊടുത്തത്. അവളാണെന്നും കൂട്ടുകിടന്നത്. രതിയുടെ അവസാനം ഇണയെ തിന്ന് ഒഴുകിയൊഴുകി അവൾ പോയ അടയാളമാണ് വഴിയിൽ കണ്ടത്. പൂവിലൂടെ തിരിച്ചു പോകാൻ കൊതിച്ച ഇണയതാ പൂക്കളിലെത്തും മുമ്പേ മുള്ളുകൊണ്ടു കിടക്കുന്നു..

എ.അയ്യപ്പനില്ലാത്ത 8 വർഷങ്ങൾ. ഓർക്കുമ്പോൾ മുഷിഞ്ഞ മുണ്ടിൽ മദ്യത്തിൽ കുഴഞ്ഞ് മാത്രം കണ്ട ഒരാൾ, എനിക്കതാണയ്യപ്പൻ. കുടിക്കാതെ ഒരിക്കൽപ്പോലും ഞാൻ കണ്ടിട്ടില്ല. എങ്കിലും സ്വബോധത്തോടല്ലാതെ ഒരക്ഷരം അദ്ദേഹം സംസാരിച്ചിരുന്നില്ല.

എ.അയ്യപ്പൻ എന്ന കവിതയുമായി എന്നിലെ വായനക്കാരന് ഹൃദയബന്ധമുണ്ട്, പക്ഷേ അയ്യപ്പേട്ടന് എന്നോട് ഒരു ഹൃദയബന്ധവുമില്ലായിരുന്നു. ഒരു കവിത പോലും എനിക്കു പാടിത്തന്നിട്ടില്ല. വടകര ശ്രീമണി ബാറിന്റെ താഴെ വെച്ച് ഒഡേസ സത്യേട്ടനാണ് പരിചയപ്പെടുത്തിയത്. സ്‌നേഹിക്കാനും അടുക്കാനും മദ്യപിക്കുന്നവരാണ് നല്ലതെന്ന് അദ്ദേഹം കാണുമ്പോഴൊക്കെയും പറഞ്ഞു. കണ്ടിട്ടും മിണ്ടിയിട്ടും പിന്നെയും കണ്ടിട്ടും അദ്ദേഹത്തിന് ഞാൻ ആരുമായിരുന്നില്ല.

iffk ക്ക് ചെന്നാൽ തിരുവനന്തപുരത്ത് കൈരളി – ശ്രീ തീയേറ്ററിന്റെ കോലായിൽ അയ്യപ്പനിരിക്കുന്നൊരിരിപ്പിടമുണ്ടായിരുന്നു, ഇന്നതില്ല. ഞാനന്ന് മെഡിക്കൽ എൻട്രൻസിന്  ക്ലാസുകൾ എടുത്ത് തുടങ്ങുന്ന സമയമാണ്, പ്രത്യേകിച്ച് വലിയ പണച്ചെലവുകളില്ലാത്ത കാലം. അയ്യപ്പനെ കാണുന്നതിൽ അതുകൊണ്ട് തന്നെ ഭയവുമില്ല. കവിത ചൊല്ലിക്കേൾക്കാനാഗ്രഹമുണ്ടായിരുന്നത് കൊണ്ട് കാണാനാണ് ശ്രമിച്ചതും. കോഴിക്കോട്ടെ ബീച്ചാസ്പത്രിയിലെ നഴ്സുമാർക്ക് കവിത ചൊല്ലിക്കൊടുത്ത വിശേഷം പറഞ്ഞ്, അവരുടെ സ്നേഹത്തെ വാഴ്ത്തി, മദ്യപിക്കാത്തവർ അരസികരാണെന്ന് പറഞ്ഞ് അലഞ്ഞലഞ്ഞങ്ങു പോയി. ഞാമ്പറഞ്ഞില്ലേ ഒരു ലഹരിയിലും അദ്ദേഹം ബോധപൂർവമല്ലാതൊന്നും ചെയ്തിട്ടില്ല.

മദ്യപിച്ചില്ലെങ്കിൽ ഞാൻ മൂകനായ്പ്പോകുമെന്നും മദ്യമാണ് എനിക്കീ നേട്ടങ്ങളെല്ലാം തന്നതെന്നും പറയുന്നൊരാളോടുള്ള, കുടിച്ച് കുടിച്ച് നശിക്കുകയും ആ നാശത്തെ വാഴ്ത്തുകയും ചെയ്യുന്നൊരാളോടുള്ള നമ്മുടെ കലമ്പലുകളെല്ലാം, അമ്മയുടെ കാമുകന്‍ മദ്യത്തില്‍ പൊട്ടാസ്യം സയനൈഡ് കലര്‍ത്തിക്കൊടുത്തു കൊന്ന അച്ഛന്റെ മകൻ പിന്നെ എങ്ങനെയാവണമായിരുന്നു എന്ന ചോദ്യത്തിൽ ദയനീയമായി അവസാനിക്കും.

പൂവിലൂടെ തിരിച്ചു പോകണമെന്ന് അയ്യപ്പേട്ടനെപ്പോഴും പാടുമായിരുന്നില്ലേ, അതു കൊണ്ടല്ലേ നിങ്ങൾക്ക് സ്നേഹം തോന്നുന്നൊരാളാവാഞ്ഞത്. മുള്ളുകൊണ്ട് ചാവാനാണിഷ്ടമെന്ന് പാടിയിരുന്നെങ്കിൽ പറഞ്ഞേനേ ഒരു ചിയേഴ്സ് ..

Leave a comment