ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് രണ്ടാം ലോക മഹായുദ്ധത്തിലേക്ക് ലോകം നീങ്ങിക്കൊണ്ടിരുന്ന ചരിത്രസന്ധിയിലാണു ജർമ്മൻ ചലച്ചിത്രകാരനായ റോബർട്ട് വീൻ, നിശ്ശബ്ദ ഹൊറർ ചിത്രമായ ‘ദി കാബിനറ്റ് ഓഫ് ഡോ. കലിഗരി‘ ഒരുക്കുന്നത്. ജർമ്മൻ എക്സ്പ്രഷനിസ്റ്റ് പ്രസ്ഥാനത്തിലെ ആദ്യ ചലച്ചിത്രമായി കരുതപ്പെടുന്ന ഈ ചിത്രം രണ്ടു പതിറ്റാണ്ടുകൾക്കപ്പുറം മാനവരാശിക്കു മുകളിൽ കരിനിഴൽ പരത്തിയ ഫാസിസ്റ്റ് – നാസി അധികാരശക്തികളുടെ വളർച്ചയെ പ്രവചനാത്മകമായി സൂചിപ്പിച്ചുവെന്നതിന്റെ പേരിലാണു പിൽക്കാലത്ത് വിഖ്യാതി നേടിയത്.

നിദ്രാടകനായ ചെഷാരെയുടെ മനസ്സിനെ നിയന്ത്രണത്തിലാഴ്ത്തിക്കൊണ്ട് അയാളെക്കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യിപ്പിക്കുന്ന ഡോ. കലിഗരിയെന്ന മന:ശാസ്ത്രജ്ഞൻ ഫാസിസ്റ്റ് ശക്തിയുടെ പ്രതിരൂപമായി കണക്കാക്കപ്പെട്ടിരുന്നു. ലോകം മൊത്തമായും ഇന്ത്യ പ്രത്യേകിച്ചും ഭീതിദമായ മറ്റൊരു ചരിത്രസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്തിലാണ്, നാടകകാരനായ ദീപൻ ശിവരാമൻ ‘ദി കാബിനറ്റ് ഓഫ് ഡോ. കലിഗരി‘യെ നാടകഭാഷയിലേക്ക് പരാവർത്തനം ചെയ്ത് അരങ്ങിലെത്തിക്കുന്നത്. ഈ ഇരുണ്ട കാലഘട്ടത്തിൽ ഏറെ പ്രസക്തമാണു ‘കലിഗരി‘ ഉൾക്കൊള്ളുന്ന സന്ദേശങ്ങളെന്ന്
ദീപൻ വിശ്വസിക്കുന്നു.

ഡൽഹിയിലെ അംബേദ്കർ സർവ്വകലാശാലയിൽ അദ്ധ്യാപകനായ ദീപൻ, ‘സ്പേസ് ആന്റ് സ്പെക്ടേറ്റർഷിപ്‘ എന്ന ഒരു കോഴ്സിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കു വേണ്ടി ചെയ്തെടുത്തതാണു ‘കലിഗരി‘യുടെ നാടകാവിഷ്കാരം. സ്പേസ് അഥവാ ഇടം എന്നതിനു തിയേറ്ററിൽ ഇനിയും നൽകിയിട്ടില്ലാത്ത പ്രാധാന്യത്തെ കേന്ദ്രീകരിച്ച് രൂപകല്പന ചെയ്ത ഈ കോഴ്സിനു വേണ്ടി, യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഉപേക്ഷിക്കപ്പെട്ട ഒരു ഗോഡൗണിൽ നിന്നാണു ഈ നാടകം ഉണ്ടാകുന്നത്. ലണ്ടനിലെ സെൻട്രൽ സെയിന്റ് മാർട്ടിൻസ് കോളേജിൽ നിന്ന് സീനോഗ്രാഫിയിൽ എം. എ.നേടിയ ദീപന്റെ സീനോഗ്രഫിക്കൽ അന്വേഷണങ്ങളുടെ ഭാഗം തന്നെയായിരുന്നു ‘കലിഗരി‘യുടെ ഡിസൈനും.

നാടകപാഠം സൃഷ്ടിക്കാൻ എന്നും വ്യത്യസ്തമായ ഉറവിടങ്ങളാണു ദീപൻ അന്വേഷിച്ചു കൊണ്ടിരുന്നത്. വില്യം ഗോൾഡിങ്ങിന്റെ നോവൽ (ലോർഡ് ഓഫ് ദി ഫ്ളൈസ്) മുതൽ, മാർകെസിന്റെ ചെറുകഥയും (സ്പൈനൽ കോഡ്) ഒ. വി.വിജയന്റെ നോവലും (ഖസാക്കിന്റെ ഇതിഹാസം) വരെ എത്തിനിൽക്കുന്ന അന്വേഷണങ്ങൾക്കിടയിലാണു സിനിമയെന്ന മാദ്ധ്യമത്തെ നാടകരൂപത്തിലേക്ക് പരിവർത്തിപ്പിക്കാനുള്ള ശ്രമം ദീപൻ തുടങ്ങുന്നത്. ‘ദി കാബിനറ്റ് ഓഫ് ഡോ.കലിഗരി‘ എന്ന ചലച്ചിത്രത്തിൽ തിയേറ്ററിന്റേതായ ഒരുപാടംശങ്ങളുണ്ടെന്ന് ദീപൻ അഭിപ്രായപ്പെടുന്നു.

അംബേദ്കർ സർവ്വകലാശാലയുടെ ഭാഗമായ പെർഫോമൻസ് സ്റ്റഡീസ് കളക്റ്റീവും, ബാംഗ്ളൂരിലുള്ള എൻ.എസ്. എസ്. എഞ്ചിനീയറിംഗ് കോളേജ് അലുമ്നി ബാംഗ്ളൂരും (നെകാബ്) ബ്ളൂ ഓഷ്യൻ തിയേറ്ററും ചേർന്നാണു ‘ദി കാബിനറ്റ് ഓഫ് ഡോ. കലിഗരി‘ അവതരിപ്പിക്കുന്നത്. പ്രശസ്ത നടനായ പ്രകാശ് ബാരെ, പൂരവ് ഗോസ്വാമി, താഹ അബ്ദുൾ മജീദ്, ലീനസ് സമദ് ബിച്ച, വിജയ് സിങ്, ബൈജു പി വർഗീസ്, ദീപക് രാജ് തുടങ്ങിയവരോടൊപ്പം ദീപനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി അരങ്ങിലെത്തുന്നു. ലൈറ്റ് ഡിസൈൻ അലക്സ് സണ്ണിയും സൗണ്ട് ഡിസൈൻ കൗസ്തുഭ് നായിക്കും ആണു. ഡ്രാമറ്റർജി തയ്യാറാക്കിയിരിക്കുന്നത് പൂരവ് ഗോസ്വാമിയാണു.

ഒക്ടോബർ 13, 14 തീയതികളിൽ, തൃശൂരിലെ സംഗീതനാടക അക്കാദമിയുടെ മുരളി ഓഡിറ്റോറിയത്തിൽ മൂന്ന് പ്രദർശനങ്ങൾ നടക്കും. ഒക്ടോബർ 13-നു വൈകിട്ട് 7.15-നു ഒരു പ്രദർശനവും, 14-നു വൈകിട്ട്, 6.15നും, 8.30നുമായി രണ്ട് പ്രദർശനങ്ങളുമാണ് അരങ്ങില്‍ അവതരിപ്പിക്കുക. ഇതിനു ശേഷം, ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിൽ ‘ദി കാബിനറ്റ് ഓഫ് ഡോ. കലിഗരി‘ അവതരിപ്പിക്കാനുള്ള ഒരു ടൂറിനു തയ്യാറെടുക്കുകയാണു സംഘം.

Leave a comment