മാനെ ഗാരിഞ്ചയെപ്പോലെ കളിയിൽ ആനന്ദം നിറച്ച മറ്റൊരാൾ ലോകഫുട്ബോളിന്റെ ചരിത്രത്തിൽ ഒരു പക്ഷേ വേറെ ഉണ്ടാകാനിടയില്ല. ഇതിഹാസ താരങ്ങളായ പെലെയുടേയും ദിദിയുടേയും വാവയുടേയും കൂടെച്ചേർന്ന് ബ്രസീലിയൻ ഫുട്ബോളിൽ അയാൾ തീർത്തത് ഉന്മാദത്തിന്റെ വൃന്ദവാദ്യങ്ങളായിരുന്നു.അതു പോലൊരു വിങ്ങറെ ലോകം പിന്നീട് കണ്ടിട്ടുണ്ടാവില്ല. കാൽചുവട്ടിലെ പന്ത് എപ്പോഴും അയാൾക്ക് ഒരടിമയായിരുന്നു. മാനെ ആജ്ഞാപിച്ചപ്പോഴൊക്കെ അത്, ഒരു കുരുവിയെപ്പോലെ ഗോൾ വലയെ ലക്ഷ്യമാക്കി പറന്നു.

മാനെയിലെ ഫുട്ബോളർ കവിത പോലെ ഒഴുകിപ്പരന്ന നല്ല കാലം 1952 മുതൽ 69 വരെയായിരുന്നു. കളിയിൽ അയാൾ തീർത്ത കണക്കുകൾ അതുല്യമായിരുന്നു. അതിന് സമാനതകളില്ല.1958 ലും 62 ലും നടന്ന ലോകകപ്പ് മത്സരങ്ങളിലെ വിജയങ്ങൾ. അതിലൊന്നിൽ മികച്ച താരം.581 കളികൾ,232 ഗോളുകൾ,60 അന്താരാഷ്ട്ര മത്സരങ്ങളിൽ 52 വിജയങ്ങൾ, 7 സമനിലകൾ, ഒരേയൊരു തോൽവി മാത്രം.1966ൽ ഹങ്കറിയോടേറ്റ തോൽവി മാത്രമായിരുന്നു ഗാരിഞ്ച ഉണ്ടായിട്ടും ബ്രസീലിന് നഷ്ടമായ ഏക മത്സരം. ഒന്നര പതിറ്റാണ്ട് കാലം പെലെയും ഗാരിഞ്ചയും ഒന്നിച്ചു കളിച്ച ഒരു മത്സരം പോലും കാനറിയുടെ നാട്ടുകാർക്ക് നഷ്ടമായിട്ടില്ല. ഇതൊന്നും കൂടാതെ മൂന്ന് ക്ലബ്ബ് ചാമ്പ്യൻഷിപ്പുകൾ വേറെയും. തലയിൽ കൈവെച്ചു കൊണ്ടല്ലാതെ ഗാരിഞ്ചയുടെ ഫുട്ബോൾ ചരിത്രം ഒരു ചരിത്രകാരനും എഴുതിത്തീർക്കാനാവില്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോവിന്റെ ബൈസിക്കിൾ കിക്കിനെപ്പറ്റി പറയുമ്പോൾ, ഇന്ന്, ഒരു കളിയെഴുത്തുകാരന് കമ്പ്യൂട്ടറുകൾ സഹായത്തിനുണ്ട്.അയാളുടെ വേഗം, കൃത്യത … എല്ലാത്തിനും ആധുനിക സംവിധാനങ്ങൾ സാക്ഷി പറയും.എന്നാൽ ഫുട്ബോളിന്റെ ചരിത്രത്തിൽ ഗാരിഞ്ച മാത്രം പുറത്തെടുത്ത തന്ത്രങ്ങൾക്ക് പ്രത്യേകിച്ചൊരു പേര് പോലുമില്ല.

ബ്രസീലിലെ ഫ്ലെമങ്കോ ക്ലബ്ബിന് വേണ്ടി കളിക്കുമ്പോൾ ,ഒരു തുടയിൽ നിന്ന് മറ്റേ തുടയിലേക്ക് പന്ത് മാറ്റി മാറ്റി പെനാൽട്ടി ബോക്സിലേക്ക് ഒഴുകിക്കയറിയ മാനെയുടെ വിസ്മയ തന്ത്രം ഒരു ക്യാമറയും ഒപ്പിയെടുത്തിട്ടില്ല. അതിന്റെ റിപ്ലേകൾ നടന്നത് ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ മനസ്സിലുകളിലാണ്. എന്നാലിന്ന് മെസ്സിയോ സുവാരസ്സോ പന്തിന് മീതെ വലംകാൽ കൊണ്ട് വലം വെയ്ക്കുമ്പോൾ, നാമതിനെ പെഡലാഡ എന്ന് വിളിയ്ക്കും.

പാവം മാനെ…. അയാൾ കമ്പ്യൂട്ടർ കാലത്തെ കളിക്കാരനല്ല. കളിയിലെ ജയാപരാജയത്തേക്കാൾ, അതിൽ വന്നു നിറയുന്ന ആനന്ദ മുഹൂർത്തങ്ങൾക്ക് മനസ്സ് നൽകിയ ഒരാൾ. അയാൾക്ക് മാനേജർമാരുണ്ടായിരുന്നില്ല. ആദ്യ ലോകകപ്പ് ജയിച്ചപ്പോൾ കിട്ടിയ സമ്മാനപ്പണം മുഴുവൻ വീട്ടിൽ കൊണ്ടുവന്ന് അയാൾ ഭാര്യയ്ക്ക് കൊടുത്തു. അവരത് കുട്ടികളുടെ കിടക്കയ്ക്കുള്ളിൽ ഒളിപ്പിച്ചു വെച്ചു. വർഷങ്ങൾക്ക് ശേഷമാണ് ആ പണത്തിന്റെ കാര്യം ഓർമ്മ വന്നത്. നോക്കുമ്പോൾ അവ ദ്രവിച്ചു പോയിരുന്നു…!

1983 ൽ, വെറും അമ്പതാമത്തെ വയസ്സിൽ നിസ്വനും ഏകാകിയുമായി മാനെ ഭൂമി വിട്ടു പോയി. അന്നന്നത്തെ ചെലവിനായി മൂന്നാഴ്ച്ച മുമ്പ് വരെ പോലും ബ്രസീലിലെ ചെറിയ ക്ലബ്ബുകൾക്കായി അയാൾ ഫുട്ബോൾ കളിച്ചു.എന്നാൽ, പുകൾപെറ്റ ആ പഴയ ജഴ്സി മാത്രമായിരുന്നു ഗാരിഞ്ചയെ തിരിച്ചറിയാനുണ്ടായ ഏക മാർഗ്ഗം .ബ്രസീലിയൻ കാർണിവെൽ പരേഡിലെ ഒരു കോമാളി കഥാപാത്രം പോലെയുള്ള മാനെയെ കണ്ട് ലോകം വേദനയോടെ നെടുവീർപ്പിട്ടു.ബ്രസീലിലെ വീര്യം കൂടിയ വാറ്റുചാരായം, കച്ചാക്കക്ക് അടിമയായിരുന്നു അയാൾ. മൈതാനങ്ങൾക്ക് പുറത്ത് നിശാ ക്ലബുകളിലെ സുന്ദരിമാരേയും ബ്രസീലിയൻ കാടുകളിലെ മൈനകളേയും തേടിയലഞ്ഞ അയാളുടെ കാലുകൾ അപ്പോഴേക്കും ദുർബ്ബലമായിരുന്നു.
എന്നാൽ,തീ പിടിച്ച ഫ്രീ കിക്കുകൾ ജനിപ്പിച്ച വിഖ്യാതനായ ആ ഏഴാം നമ്പറുകാരന്റെ മൃതദേഹം മാറക്കാനയിൽ കൊണ്ടു വന്നപ്പോൾ, ആ കാലടികളെ ചുംബിക്കാൻ ,പെരുമഴയത്തും ആയിരങ്ങൾ തിരക്കുകൂട്ടി. നിർത്താതെ അലറിക്കരഞ്ഞുകൊണ്ട്, ‘ ഗാരിഞ്ച ജനങ്ങളുടെ ആനന്ദം’ എന്ന് അവർ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ഗാരിഞ്ചയുടെ ഉപദാനങ്ങൾ കൊണ്ട് സമ്പന്നമാണ് ബ്രസീലിയൻ കലയും സാഹിത്യവും. ബ്രസീലുകാർക്ക് അയാളൊരു വിശുദ്ധനാണ്. ഭൂമിയിലേക്ക് തീ കടത്തിക്കൊണ്ടുവന്ന പ്രൊമിത്യൂസിനെപ്പോലെ, തുകൽപന്തുകളിൽ മനുഷ്യകുലത്തിന് ആനന്ദം കൊണ്ടു വന്നവൻ.റിയോ നഗരത്തിലെ മാറക്കാനയിൽ സ്ഥാപിച്ച ഗാരിഞ്ചയുടെ വെങ്കല പ്രതിമ, വി.ഐ.പി ഹാളിലേക്ക് മാറ്റി സ്ഥാപിക്കാൻ അധികൃതർ ശ്രമിച്ചപ്പോൾ ജനങ്ങൾ അതിനെ എതിർത്തു.ഗാരിഞ്ച വി.ഐ.പി.അല്ല. അയാൾ ജനങ്ങളുടേയാണ് എന്ന് അവരുറപ്പിച്ച് പറഞ്ഞു.വർണ്ണശബളമായ ഓപറകളിൽ മാത്രം കാണുന്ന ,മഴമേഘങ്ങൾക്കിടയിൽ നിന്ന് വരുന്ന ദൈവചനം പോലെ അത് പാലിക്കപ്പെട്ടു. മാറക്കാനയിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രാന്റ് സ്റ്റാന്റിൽ ഇപ്പോൾ ഗാരിഞ്ചയെ കാണാം.

റിയോ ഡി ജനീറോയിൽ നിന്ന് ഒരു മണിക്കൂർ ദൂരമുണ്ട് പാവ്‌ ഗ്രാന്റയിലെ സെമിത്തേരിയിലേക്ക്. അവിടെയാണ് ആഹ്ലാദവാദിയായിരുന്ന ഗാരിഞ്ചയെ അടക്കിയിട്ടുള്ളത്.ആർഭാടരഹിതമായ അയാളുടെ ശവകുടീരത്തിന് മുകളിൽ ഇങ്ങിനെയൊരു ലിഖിതം കാണാം – ‘ജനങ്ങളുടെ ആനന്ദമായ ഒരുവൻ ഇവിടെ ഉറങ്ങുന്നു – മാനെ ഗാരിഞ്ച’. പണക്കൊഴുപ്പിന്റെ പുതിയ കാലത്ത്, റഷ്യയിലേക്ക് വിമാനം കയറാനൊരുങ്ങുന്ന രാജകുമാരന്മാരുടെ കൂറ്റൻ വർണ്ണചിത്രങ്ങൾ തെരുവുകളിൽ നിറയുമ്പോൾ ..വെറുതേ, ചരിത്രത്തിലേക്ക് കയറിപ്പോയ പഴയൊരു ഡ്രിബിളിങ്ങിനെ ഓർത്തു പോയി എന്നു മാത്രം .

Leave a comment